
ന്യൂയോർക്ക്/ദോഹ: ഖത്തറിന്റെ ആധുനിക നവോത്ഥാന ശില്പി, അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ പവിത്ര സ്മരണയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ഐക്യരാഷ്ട്രസഭ. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന പ്രത്യേക അനുശോചന സമ്മേളനം, നയതന്ത്ര ലോകത്ത് അദ്ദേഹം വരച്ചിട്ട സമാധാനത്തിന്റെയും വികസനത്തിന്റെയും മനോഹരമായ വഴികളുടെ സാക്ഷ്യപത്രമായി മാറി.
ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാമത് സെഷൻ പ്രസിഡന്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ മറിയം ബിൻത് അലി ബിൻ സൈഫ് അൽഥാനി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.അങ്കത്തിനൊടുവിലെ സമാധാനമല്ല, സമാധാനത്തിനായുള്ള സംഭാഷണമാണ് യുദ്ധത്തേക്കാൾ വലുത്" എന്ന് ലോകത്തെ പഠിപ്പിച്ച ധീര നേതാവായിരുന്നു ഫാദർ അമീർ എന്ന് യു.എൻ ഭാരവാഹികൾ അനുസ്മരിച്ചു.കേവലം സാമ്പത്തിക വളർച്ചയിലുപരി, അറിവിലും അക്ഷരത്തിലും അധിഷ്ഠിതമായ മനുഷ്യവികസനമാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്ന് അദ്ദേഹം തെളിയിച്ചു. സ്ത്രീകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും വിദ്യാഭ്യാസ ശാക്തീകരണവും അദ്ദേഹത്തിന്റെ ഭരണകാലത്തെ വേറിട്ടതാക്കി.ദോഹ കരാർ, ദാർഫൂർ സമാധാന ദൗത്യങ്ങൾ, പസ്തീനിയൻ ജനതയ്ക്കായുള്ള കാരുണ്യക്കരങ്ങൾ തുടങ്ങി ആഗോളതലത്തിൽ അദ്ദേഹം തെളിച്ച സമാധാന ദീപങ്ങൾ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു.
ജി.സി.സി (GCC), അറബ് ഗ്രൂപ്പ്, ഇസ്ലാമിക സഹകരണ പ്രസ്ഥാനം (OIC), ചേരിചേരാ പ്രസ്ഥാനം (Non-Aligned Movement) എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്ത് അനുശോചനം അറിയിച്ചു.
മണലാരണ്യത്തിൽ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പൂന്തോപ്പുകൾ തീർത്ത ആ മഹാനായ യുഗപുരുഷന്റെ പാത പിന്തുടർന്ന്, അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ സമാധാനത്തിന്റെ പ്രകാശഗോപുരമായി മുന്നേറുകയാണെന്ന് ഖത്തർ പ്രതിനിധി യോഗത്തിൽ പറഞ്ഞു. ഒരു യുഗത്തിന്റെ പ്രകാശമായിരുന്ന ആ മഹാനായ നേതാവിന് അന്താരാഷ്ട്ര സമൂഹം ഒന്നാകെ കണ്ണീരോടെ നന്ദിയർപ്പിച്ചു.











